സാമൂഹ്യ-സാംസ്കാരിക ചരിത്രം
ക്രിസ്തുവര്‍ഷാരംഭത്തിനു മുമ്പു മുതല്‍ എ.ഡി ആറാം നൂറ്റാണ്ടു വരെ ജൈന-ബുദ്ധമത വിഭാഗങ്ങളിലുള്ളവര്‍ ഇവിടെ ജീവിച്ചിരുന്നതായി ചരിത്രസൂചനകളുണ്ട്. എ.ഡി ഒന്നാം നൂറ്റാണ്ടില്‍ മലപ്പുറം, പാലക്കാട്, കോഴിക്കോട് എന്നീ പ്രദേശങ്ങള്‍ ഉള്‍പ്പെട്ട നെടുംപുറയൂര് എന്ന ഒറ്റ രാജ്യമായിരുന്നു. രണ്ടാം നൂറ്റാണ്ടിനു ശേഷം ചേര ചക്രവര്‍ത്തിമാരും പിന്നീട് പല്ലവ രാജവംശവും ഈ പ്രദേശം കീഴടക്കി ഭരിച്ചിട്ടുണ്ട്. 9-ാം നൂറ്റാണ്ടില്‍ ഇവിടം വള്ളുവക്കോനാതിരിയുടെ അധികാരത്തിന് കീഴിലായി. പത്താം നൂറ്റാണ്ടോടെ ഈ പ്രദേശങ്ങളില്‍ സാമൂതിരി ഭരണം സ്ഥാപിക്കപ്പെട്ടെങ്കിലും 13-ാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തിലാണ് വള്ളുവക്കോനാതിരിയെ തോല്പിച്ച് സാമൂതിരി തിരുനാവായ കൈവശപ്പെടുത്തിയത്. 1498-ല്‍ വാസ്കോഡഗാമ മലബാറില്‍ വന്ന ശേഷം ഒരു നൂറ്റാണ്ടുകാലം സാമൂതിരി പോര്‍ച്ചുഗീസുകാരോട് യുദ്ധം ചെയ്യുകയുണ്ടായി. സാമൂതിരിയുടെ നാവികപ്പടയുടെ ചുമതല കുഞ്ഞാലി മരയ്ക്കാര്ക്കായിരുന്നു. പോര്‍ച്ചുഗീസ്, ഡച്ച് ഏറ്റുമുട്ടലുകളില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന്, ശത്രുക്കളില്‍ നിന്ന് രക്ഷപ്പെടുന്നതിനായി കുഞ്ഞാലി മരയ്ക്കാരുടെ ഭടന്മാര് കടലോരങ്ങളില്‍ നിന്നൊഴിഞ്ഞ് ഉള്‍ഭാഗത്തേക്ക് വന്നു താമസിക്കാന്‍ തുടങ്ങി. ഇങ്ങനെയാണ് ഈ പ്രദേശത്ത് ആദ്യമായി വ്യാപകമായ മുസ്ലീം കുടിയേറ്റമുണ്ടാകുന്നത്. 800 കൊല്ലത്തോളം സാമൂതിരിയുടെ രാജ്യത്തിന്റെ ഭാഗമായിരുന്ന മലപ്പുറം 1766-ല്‍ മൈസൂര്‍ സുല്‍ത്താനായ ഹൈദരാലി കൈയ്യടക്കി. ബ്രിട്ടീഷുകാരുമായുള്ള യുദ്ധത്തില്‍ പരാജയപ്പെട്ട ടിപ്പു 1792-ലെ ശ്രീരംഗപട്ടണം ഉടമ്പടിയെ തുടര്‍ന്ന്, മലബാര്‍ പ്രദേശം ബ്രിട്ടീഷുകാര്‍ക്ക് വിട്ടു കൊടുത്തു. തുടര്‍ന്നുള്ള 8 കൊല്ലത്തോളം ഈ പ്രദേശം ബ്രിട്ടീഷ് ഭരണത്തിന് കീഴില്‍ ബോംബെ സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു. 1800-ലാണ് മദ്രാസ് സംസ്ഥാനത്തിലെ ഒരു ജില്ലയായി ഈ പ്രദേശം കൂടി ഉള്‍പ്പെടുന്ന മലബാര്‍ നിലവില്‍ വന്നത്. പാറനമ്പിയുടെ പട്ടാളവും മലപ്പുറം മാപ്പിളമാരും തമ്മില്‍ നടന്ന പോരാട്ടത്തില്‍ ജീവന് നഷ്ടപ്പെട്ട രക്തസാക്ഷികളെ അനുസ്മരിക്കുന്ന ചടങ്ങാണ് മലപ്പുറം നേര്‍ച്ച എന്ന പേരില്‍ പ്രശസ്തമായത്. 1936-ലെ ഇലക്ഷനോടനുബന്ധിച്ച് കോട്ടപ്പടി ഗവ.ഹൈസ്ക്കൂളില്‍ നടന്ന പൊതുയോഗത്തില്‍ സി.രാജഗോപാലാചാരി പ്രസംഗിച്ചിട്ടുണ്ട്. ഖിലാഫത്ത് പ്രസ്ഥാനത്തിനും ഇവിടെ ശക്തമായ വേരോട്ടമുണ്ടായിരുന്നു. സാധു.പി.അഹമ്മദ്കുട്ടി, കെ.മാധവന് നായര്‍, കെ.പി.ശങ്കരന് നായര്‍, കെ.പി.വാസുദേവന്‍ നായര്‍, എം.പി.ഗോവിന്ദന് നമ്പീശന് എന്നിവര്‍ പ്രമുഖ സ്വാതന്ത്ര്യസമര സേനാനികളായിരുന്നു. കേരള പ്രദേശ് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ പ്രസിഡന്റും മാതൃഭൂമി പത്രത്തിന്റെ സ്ഥാപക മാനേജിംഗ് ഡയറക്ടറുമായിരുന്ന കെ.മാധവന് നായര്‍, സാധു പി.അഹമ്മദ്കുട്ടി എന്നിവര്‍ ദേശീയപ്രസ്ഥാനത്തിന്റെ നെടുംനായകത്വം വഹിച്ചവരാണ്. 1921-ലെ മലബാര്‍ കലാപം മലപ്പുറത്തിന്റെ ചരിത്രവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. 1947-ല്‍ സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം കരിങ്കാളികാവ് ക്ഷേത്രത്തില്‍ ഹരിജനങ്ങള്‍ പ്രവേശിച്ചപ്പോള്‍ അവരെ തടഞ്ഞുവെച്ച സംഭവവും അതിനെതിരായുണ്ടായ പ്രതിഷേധവും ചരിത്രസംഭവമാണ്. 1882-ല്‍ സ്ഥാപിതമായ ആംഗ്ലോ ഇന്ത്യന്‍ വെര്‍ണ്ണാക്കുലര്‍ സ്കൂളാണ് ഇവിടുത്തെ ആദ്യത്തെ വിദ്യാഭ്യാസ സ്ഥാപനം. 1936-ല്‍ മലപ്പുറത്ത് ആദ്യത്തെ ഹൈസ്ക്കൂള് ആരംഭിച്ചു. 1921-ലെ കലാപമൊതുക്കാന്‍ രൂപീകൃതമായ മലപ്പുറം സ്പെഷ്യല്‍ പോലീസ് ആണ് പിന്നീട് മലബാര്‍ സ്പെഷ്യല്‍ പോലീസ് എന്ന പേരില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. മലപ്പുറത്തെ ആദ്യത്തെ ഗ്രന്ഥശാല കിംഗ് എഡ്വേര്‍ഡ് മെമ്മോറിയല്‍ ലൈബ്രറിയാണ്. പാലക്കാട്-കോഴിക്കോട് ദേശീയപാത-213 നഗരത്തിന്റെ ഹൃദയരേഖയായി കടന്നുപോകുന്നു. ടിപ്പുവിന്റെ പടയോട്ടക്കാലത്ത് നിര്‍മ്മിക്കപ്പെട്ട ആദ്യത്തെ ഗതാഗതപാതയാണ് ഇന്നത്തെ ഫെറോക്ക്-പാലക്കാട് റോഡ്.