English| മലയാളം

ആമുഖം

മലപ്പുറം ജില്ലയില്‍ ഏറനാട് താലൂക്കിലാണ് മലപ്പുറം നഗരസഭ സ്ഥിതി ചെയ്യുന്നത്. മലപ്പുറം, മേല്‍മുറി, പാണക്കാട് എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന മലപ്പുറം നഗരസഭയ്ക്ക് 33.61 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. വടക്കുഭാഗത്ത് മൊറയൂര്‍, പൂക്കോട്ടൂര്‍, ആനക്കയം പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് ആനക്കയം, കൂട്ടിലങ്ങാടി പഞ്ചായത്തുകളും, തെക്കുഭാഗത്ത് കുറുവ, പൊന്മല, കൊഡൂര്‍ എന്നീ പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് ഒതുക്കുങ്ങല്‍, ഊരകം, മൊറയൂര്‍ പഞ്ചായത്തുകളുമാണ് മലപ്പുറം നഗരസഭയുടെ അതിരുകള്‍. കുന്നുകളും ചെരിവുകളും നിറഞ്ഞ ഈ നഗരസഭാപ്രദേശം സമുദ്രനിരപ്പില്‍ നിന്നും 90 മീറ്റര്‍ മുതല്‍ 300 മീറ്റര്‍ വരെ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഗ്രാമീണത നിറഞ്ഞു നില്‍ക്കുന്നതും ഹരിതാഭവുമായ നഗരമാണ് മലപ്പുറം. നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന പടയോട്ടങ്ങളുടെയും, പോരാട്ടങ്ങളുടെയും കരുവാളിച്ച പാടുകള്‍ ഈ പ്രദേശത്തെ ഏറെക്കാലം വികസനത്തിന്റെ പിന്നാമ്പുറത്ത് നിറുത്തിയിരുന്നു. ഇതില്‍ നിന്നൊരു മോചനം നേടാന്‍ കഴിഞ്ഞത് 1969 ജൂണ്‍ 16-ന് മലപ്പുറം ജില്ലാ രൂപീകരണത്തോടെയാണ്. ഒന്നാം ഗ്രേഡ് പഞ്ചായത്ത് മാത്രമായിരുന്ന മലപ്പുറം പഞ്ചായത്ത് ജില്ലയുടെ ആസ്ഥാനമായത് ആകസ്മികമായിരുന്നു. 1970 ഏപ്രില്‍ 1-നാണ് മലപ്പുറത്തിന് മുനിസിപ്പല്‍ പദവി ലഭിച്ചത്. ആദ്യ കൌണ്‍സിലില്‍ 18 വാര്‍ഡുകളില്‍ നിന്ന് 20 കൌണ്‍സിലര്‍മാരുണ്ടായിരുന്നു. ആദ്യ ചെയര്‍മാന്‍ ഡോ.എം.അബൂബേക്കറായിരുന്നു. പാലക്കാട്-കോഴിക്കോട് ദേശീയപാത-213 നഗരത്തിന്റെ ഹൃദയരേഖയായി കടന്നുപോകുന്നു. നഗരത്തിന്റെ തെക്കുകിഴക്കുപടിഞ്ഞാറു അതിരുകളിലൂടെയാണ് കടലുണ്ടിപ്പുഴ ഒഴുകുന്നത്. നഗരഹൃദയത്തില്‍ തന്നെയുള്ള ഉയരം കൂടിയ പ്രദേശമാണ് സുപ്രസിദ്ധമായ കോട്ടപ്പുറം കുന്ന്. ടിപ്പുവിന്റെ പടയോട്ടക്കാലത്ത് നിര്‍മ്മിക്കപ്പെട്ട ആദ്യത്തെ ഗതാഗതപാതയാണ് ഇന്നത്തെ ഫെറോക്ക്-പാലക്കാട് റോഡ്.

 

പൊതുവിവരങ്ങള്‍

ജില്ല                                         : മലപ്പുറം 
വിസ്തീര്‍ണ്ണം                               : 33.61 ച.കി.മീ
കോഡ്                                     : M100500
വാര്‍ഡുകളുടെ എണ്ണം                 : 40 
ജനസംഖ്യ                                : 75740
പുരുഷന്മാര്‍‍                               : 36457
സ്ത്രീകള്‍                                    ‍ : 39283
ജനസാന്ദ്രത                               : 1478
സ്ത്രീ : പുരുഷ അനുപാതം              : 1019
മൊത്തം സാക്ഷരത                    : 93.39
സാക്ഷരത (പുരുഷന്മാര്‍ )             : 95.98
സാക്ഷരത (സ്ത്രീകള്‍ )                   : 90.81
Source : Census data 2001